|
മോഹന്‍ലാല്‍ = MOHANLAL മാത്രം.... Posted: 08 Jun 2010 02:11 AM PDT മഞ്ഞില്‍ വിരിഞ്ഞ പൂക്കളി'ല്‍ മോഹന്‍ലാല്‍ വരുമ്പോള്‍ സിനിമയില്‍ സുന്ദര നായകന്മാരുടെ കാലമായിരുന്നു. അപകര്‍ഷത തോന്നിയിരുന്നോ? ഞാനതിന് നായകനായിട്ടല്ലല്ലോ വന്നത്, വില്ലനായിട്ടല്ലേ? ഒരു വില്ലനു വേണ്ടതെല്ലാം എന്റെ മുഖത്തും ശരീരത്തിലും ഉണ്ടായിരുന്നിരിക്കണം. അപ്പോള്‍ സുന്ദരനല്ലെന്ന് സ്വയം ബോദ്ധ്യമുണ്ടായിരുന്നു? പൂര്‍ണമായി ബോദ്ധ്യമുണ്ടായിരുന്നു. ഇപ്പോഴുമുണ്ട്. ശരീരത്തിന് കൃത്യമായ പ്രൊപ്പോഷനുള്ള ആളൊന്നുമല്ല ഞാന്‍. Uncouth എന്നു പറയില്ലേ? ഇക്കാര്യത്തില്‍ എനിക്ക് യാതൊരു വിധത്തിലുള്ള ശങ്കയോ ആശങ്കയോ ഉണ്ടായിരുന്നില്ല. കാരണം ആദ്യസിനിമ കഴിഞ്ഞ് അടുത്ത സിനിമ, അതു കഴിഞ്ഞ് അടുത്തത്, അത്തരത്തിലുള്ള പദ്ധതികളൊന്നും എന്റെ മനസ്സിലില്ലായിരുന്നു. ഒരിക്കല്‍ കെ.പി.ഉമ്മര്‍ എന്നോട് പറഞ്ഞു: `എത്ര കാണാന്‍ കൊള്ളാത്തവനും കുറേക്കാലം സിനിമയില്‍ നിന്നാല്‍ നന്നാവും. ഉദാഹരണം ലാല്‍ തന്നെ' അദ്ദേഹം അത് തമാശയായിട്ടാണോ കാര്യമായിട്ടാണോ പറഞ്ഞത് എന്നെനിക്കറിയില്ല. എന്തായാലും ഞാനതിനെ പോസിറ്റീവായിത്തന്നെ സ്വീകരിച്ചു. പിന്നെ, സിനിമയില്‍ നമ്മള്‍ ചെയ്യുന്ന കഥാപാത്രങ്ങളിലൂടെയാണ് നമുക്ക് സൗന്ദര്യം വരുന്നത്. അതിന്റെ ക്രെഡിറ്റ് എഴുത്തുകാരനും സംവിധായകനുമുള്ളതാണ്. ഏറ്റവും മനോഹരമായ ശില്‌പത്തിനും അല്‌പം പ്രശ്‌നമുള്ള ശില്‌പത്തിനും ഒരുപോലെ ഭംഗിതോന്നാവുന്ന സാഹചര്യം വരും. കണ്ടുകണ്ട് ഇഷ്ടപ്പെട്ട് ഇഷ്ടപ്പെട്ട് ആള്‍ക്കാരുടെ മനസ്സില്‍ നല്ലതായി മാറുക. അതിന് ഉദാഹരണമായിരിക്കും ഞാന്‍. ഏതെങ്കിലും ഘട്ടത്തില്‍ സിനിമയില്‍ നിന്ന് ഔട്ടാകും എന്ന അവസ്ഥ നേരിടേണ്ടി വന്നിട്ടുണ്ടോ? അങ്ങനെയൊരു അവസ്ഥയെക്കുറിച്ച് ഞാന്‍ കണ്‍സേണ്‍ഡ് അല്ല. ഇത് അഹങ്കാരം കൊണ്ടു പറയുന്നതല്ല. കാരണം, ഞാന്‍ ഇത്രകാലം മലയാളസിനിമയില്‍ നിന്നോളാം എന്ന് ആര്‍ക്കും വാക്കുകൊടുത്തിട്ടില്ല. ഒരുപാട് സിനിമകള്‍ ചെയ്യാമെന്ന് പ്രതിജ്ഞയെടുത്തിട്ടുമില്ല. ഞാന്‍ സിനിമയില്‍ വന്ന രീതികൊണ്ടായിരിക്കാം ഇങ്ങനെയൊരു മാനസികാവസ്ഥ എനിക്കുണ്ടായത്. എപ്പോഴും എന്നെ സിനിമയോട് ചേര്‍ത്തുനിര്‍ത്തുന്ന ഒരു ശക്തിയുണ്ട്. അത് എന്നെ കാത്തോളും. `ഇങ്ങനെ ചെയ്‌താല്‍ ഇങ്ങനെയാവും' എന്ന് കണക്കുകൂട്ടി ജീവിക്കുന്നവര്‍ക്കേ ഇത്തരം പേടിയുണ്ടാവൂ. സിനിമയില്‍നിന്നും ഔട്ടാവുന്നതിനെക്കുറിച്ച് ആശങ്കയില്ലെന്നാണോ? ആശങ്കപ്പെട്ടിട്ട് എന്തുകാര്യം സാര്‍? ഈ പ്രപഞ്ചത്തില്‍ എല്ലാറ്റിനും കൃത്യമായ സമയമില്ലേ? അതുകഴിഞ്ഞാല്‍ വിസിലടിക്കും. അപ്പോള്‍ നിങ്ങള്‍ കളമൊഴിഞ്ഞേ പറ്റൂ... അത് ജീവിതത്തിലായാലും അങ്ങനെയല്ലേ. പിന്നെ സിനിമാ അഭിനയത്തില്‍ നൂറ് വയസ്സായാലും ആരോഗ്യമുണ്ടെങ്കില്‍ അഭിനിയിക്കാം. ഞാന്‍ അഭിനയം നിര്‍ത്തണമെന്നും അഭിനയത്തിന്റെ രീതിമാറ്റണം എന്നും ഏതെങ്കിലും ഒരു വ്യക്തി എവിടെയെങ്കിലും ഇരുന്ന് പറയേണ്ട കാര്യമില്ല. പറഞ്ഞിട്ടും കാര്യമില്ല. മുപ്പതു വര്‍ഷമായി ഞാന്‍ പ്രേക്ഷകരുടെ നടുവിലാണ്. എന്റെ ഓരോ ചലനവും അവര്‍ കാണുന്നുണ്ട്. അതിനുള്ള അവരുടെ പ്രതികരണം സൂക്ഷ്‌മമായി ഞാന്‍ അറിയുക മാത്രമല്ല അനുഭവിക്കുകയും ചെയ്യുന്നുണ്ട്. എന്നെ മടുത്താല്‍ അവരെടുത്ത് ദൂരെക്കളയും. അത് വളരെ സ്വാഭാവികമായ ഒരു കാര്യമാണ്. ഒരു പെര്‍ഫോര്‍മര്‍ എന്ന നിലയില്‍ അതേക്കുറിച്ച് വ്യക്തമായ ബോധ്യമുള്ളയാളാണ് ഞാന്‍. ആ ഒരു അവസ്ഥ വരുന്നതിനു മുന്‍പേ ഞാന്‍ പോയി വീട്ടിലിരിക്കണം എന്നാണ് വിമര്‍ശകന്‍ അല്ലെങ്കില്‍ വിമര്‍ശകര്‍ പറയുന്നതെങ്കില്‍ ബുദ്ധിമുട്ടാണ് എന്നുമാത്രമേ പറയാനുള്ളൂ. പിന്നെ ഈ വിമര്‍ശനം എല്ലാ മേഖലയിലുള്ളവരെക്കുറിച്ചും വരാറുണ്ട്. സച്ചിന്‍ തെണ്ടുല്‍ക്കറുടെ പ്രതിഭ അസ്‌തമിച്ചു എന്ന് ഏതോ ഒരാവേശത്തില്‍ വര്‍ഷങ്ങള്‍ക്കു മുന്‍പ് എഴുതിയവരുണ്ട്. എന്നിട്ടെന്തായി? ഏറ്റവും ഒടുവിലത്തെ ലോക റെക്കോര്‍ഡ് ഇപ്പോഴും കണ്ണില്‍ നിന്ന് മാഞ്ഞിട്ടില്ല. യേശുദാസ് പാട്ടുനിര്‍ത്തണം എന്നു പറഞ്ഞവരുണ്ട്. മധുരമായി അദ്ദേഹം പാടിക്കൊണ്ടേയിരിക്കുന്നു. ജ്യേഷ്‌ഠന്‍ പ്യാരിലാലിന്റെ മരണം താങ്കളെ ഏതെങ്കിലും തരത്തില്‍ ബാധിച്ചിട്ടുണ്ടോ? ബാധിക്കുക എന്ന വാക്ക് ശരിയാണ് എന്ന് തോന്നുന്നില്ല. തീര്‍ച്ചയായും വേദനിപ്പിച്ചിട്ടുണ്ട്. കാരണം അദ്ദേഹം വാര്‍ദ്ധക്യം ബാധിച്ചിട്ടൊന്നും മരിച്ചയാളായിരുന്നില്ല. പിന്നെ മരണത്തിന്റെ വലിയൊരു സവിശേഷത അത് മറവികൂടി കൂടെക്കൊണ്ടുനടക്കുന്നു എന്നതാണ്. എത്ര അടുത്തയാളാണെങ്കിലും മരിച്ച് കുറച്ചുകഴിഞ്ഞാല്‍ നാം പൂര്‍ണ്ണമായും മറക്കുന്നു. പിന്നീട് ആരെങ്കിലും ചോദിക്കുമ്പോഴാണ് ഓര്‍ക്കുന്നത്. എന്നാല്‍ ആ വേദന ആത്മാവില്‍ ശേഷിക്കും. അതുണ്ട് ഇപ്പോഴും. ഞാന്‍ വളര്‍ന്നുവന്ന കാലം തന്നെയാണ് ഏറ്റവും വലിയ അനുഗ്രഹമായത്. ഏറ്റവും വലിയ എഴുത്തുകാരും ഏറ്റവും വലിയ സംവിധായകരും അവരുടെ പ്രതിഭ ഏറ്റവുമധികം ജ്വലിച്ചുനിന്ന സമയവുമായിരുന്നു എന്റെ വളര്‍ച്ചാകാലം. എഴുത്തില്‍ എം.ടി, പത്മരാജന്‍, ശ്രീനിവാസന്‍, ലോഹിതദാസ് തുടങ്ങിയവര്‍. സംവിധാനത്തില്‍ അരവിന്ദന്‍, ഭരതന്‍, പത്മരാജന്‍, ഹരിഹരന്‍, ഫാസില്‍, പ്രിയദര്‍ശന്‍, സത്യന്‍ അന്തിക്കാട്, ആര്‍.സുകുമാരന്‍, സിബി മലയില്‍, ഐ.വി.ശശി, ജോഷി തുടങ്ങിയവര്‍. എന്തൊരു കാലമായിരുന്നു അത്. മത്സരിച്ച് എഴുതുകയും മത്സരിച്ച് സംവിധാനം ചെയ്യുകയും ചെയ്‌തിരുന്ന കാലം. അതാണ് എന്നില്‍ പ്രവര്‍ത്തിച്ചതും എനിക്ക് തുണയായതും. പുതിയ തലമുറയിലെ നടന്മാര്‍ക്ക് അത്തരം ഒരവസ്ഥ ലഭിക്കുകയാണെങ്കില്‍ തീര്‍ച്ചയായും അവര്‍ എന്നെക്കാള്‍ മുകളില്‍പ്പോകും. മാസ്റ്റേഴ്‌സിന്റെയൊപ്പമുള്ള പ്രവര്‍ത്തനം താങ്കളെ എങ്ങനെയാണ് സ്വാധീനിച്ചത്? പ്രേംനസീറും അടൂര്‍ഭാസിയും കൊട്ടാരക്കരയും എസ്.പി.പിള്ളയും ജയനും ബഹദൂറും തിക്കുറിശ്ശിയും മധുവും എന്‍.എന്‍.പിള്ളയും കലാമണ്ഡലം ഗോപിയുമടക്കമുള്ള ഗുരുതുല്യരില്‍ തുടങ്ങി ഏറ്റവും പുതിയ തലമുറയിലെ നടന്മാരുടെ ഒപ്പം വരെ അഭിനയിക്കാന്‍ എനിക്ക് സാധിച്ചിട്ടുണ്ട്. മറ്റു ഭാഷകളിലേക്കു പോയാല്‍ നാഗേശ്വര്‍ റാവുവും അമിതാഭ് ബച്ചനും ശിവാജി ഗണേശനും കമലഹാസനും. ഇവരെല്ലാം വലിയ അഭിനേതാക്കള്‍ എന്നതിനേക്കാള്‍ വലിയ മനുഷ്യരും വ്യക്തിത്വങ്ങളുമായിട്ടാണ് എനിക്കനുഭവപ്പെട്ടിട്ടുള്ളത്. ഏറ്റവും ഉയരത്തില്‍ നില്‍ക്കുമ്പോഴും ഏറ്റവും വിനീതരാകാന്‍ സാധിക്കുന്നവര്‍. ഒരു വാക്കുകൊണ്ടോ നോക്കുകൊണ്ടോ ആരെയും നോവിക്കാത്തവര്‍. ഇവര്‍ക്കെല്ലാം ഞാന്‍ ഒന്നുകില്‍ മകനെപ്പോലെയായിരിക്കും. അല്ലെങ്കില്‍ സഹോദരനെപ്പോലെ. അമിതാഭ് ബച്ചനെ ഈയടുത്തും ഞാന്‍ കണ്ടു. ഇവരെയെല്ലാം അറിയുക എന്നാല്‍ ഓരോ ഇതിഹാസം വായിക്കുന്നതുപോലെയാണ്. തിലകന്‍ എന്ന നടനില്‍ ലാല്‍ കണ്ട ഏറ്റവും വലിയ പ്രത്യേകത എന്താണ്? എന്റെ കൂടെ അഭിനയിക്കുന്ന നടനെക്കുറിച്ച് സൂക്ഷ്‌മമായ നിരീക്ഷണങ്ങളോ ധാരണകളോ എനിക്കുണ്ടാകാറില്ല. അവരെയല്ല ആ കഥാപാത്രത്തിലാണ് ഞാന്‍ ഊന്നാറ്. എന്നാല്‍ മാത്രമേ എനിക്കതിനനുസരിച്ച് അഭിനയിക്കാന്‍ പറ്റൂ. പ്രത്യേകിച്ച് തിലകന്‍ ചേട്ടനെപ്പോലുള്ള ഒരു മഹാനടന്റെ കാര്യത്തില്‍. പൊതുവായി പറഞ്ഞാല്‍ അദ്ദേഹത്തിന്റെ ഡയലോഗ് പ്രസന്റേഷനും ശബ്‌ദവും ഭാവങ്ങളില്‍ നിന്ന് ഭാവങ്ങളിലേക്കുള്ള അനായാസ സഞ്ചാരവും ആണ് പ്രത്യേക സിദ്ധിയായി തോന്നിയിട്ടുള്ളത്. ഞാനുമായി അഭിനയിക്കുമ്പോള്‍ പ്രത്യേക രസതന്ത്രം സംഭവിക്കുന്നു എന്ന് അദ്ദേഹം പറയുന്നു. അത് ശരിയായിരിക്കാം. അങ്ങനെയുള്ള തിലകന് എന്താണ് ഇപ്പോള്‍ സംഭവിക്കുന്നത് ? അതെനിക്കറിയില്ല. അറിയില്ല എന്ന് പറഞ്ഞത് തിലകന്‍ എന്ന വ്യക്തിക്ക് എന്താണ് പറ്റുന്നത് എന്നതിനെക്കുറിച്ചാണ്. ഒരാളുടെ ഉള്ളില്‍ നടക്കുന്ന കാര്യങ്ങളൊന്നും നമുക്ക് പറയാന്‍ സാധിക്കില്ല. പിന്നെ സംഘടനാപരമായ പ്രശ്‌നം. അത് എല്ലാവര്‍ക്കും അറിയാവുന്നതാണല്ലോ. 'കാലാപാനി'യും `വാനപ്രസ്ഥ'വും താങ്കള്‍ നിര്‍മ്മിച്ച സിനിമകളാണ്. കച്ചവടതാല്‍പര്യത്തിലുപരി എന്തെങ്കിലും ഘടകങ്ങള്‍ ഈ നിര്‍മ്മാണ സംരംഭങ്ങള്‍ക്ക് പിന്നിലുണ്ടോ? കച്ചവടതാല്‍പര്യം തീരെയില്ലായിരുന്നു. ആ തരത്തില്‍ നോക്കുമ്പോള്‍ അവ ഭീമമായ നഷ്ടങ്ങള്‍ തന്ന പദ്ധതികളായിരുന്നു. ആ സിനിമകളുടെ ഉള്ളടക്കത്തോട് എനിക്ക് വ്യക്തിപരമായുള്ള അഭിനിവേശമാണ് നിര്‍മ്മാതാവാകാന്‍ എന്നെ പ്രേരിപ്പിച്ചത്. ഇന്ത്യന്‍ സ്വാതന്ത്ര്യസമരവും കഥകളിയും. ഒരേ സമയം ഒരു നിര്‍മ്മാതാവിന്റെ ടെന്‍ഷനും നടന്റെ പാഷനും ഞാന്‍ ഈ സിനിമകളില്‍ അനുഭവിച്ചു. ഉള്‍ക്കനമുള്ള കഥാപാത്രങ്ങളിലൂടെ കടന്നുപോകാന്‍ സാധിച്ചു. പിന്നെ എന്റെ സമ്പാദ്യം ഞാന്‍ സിനിമയില്‍ തന്നെയാണ് നിക്ഷേപിച്ചിരിക്കുന്നത്. അത് നഷ്ടമായാലും ലാഭമായാലും എനിക്ക് പ്രശ്‌നമല്ല. സിനിമാ അഭിനയത്തില്‍ തൃപ്‌തി പോരാഞ്ഞിട്ടോ വിരക്തിവന്നിട്ടോ ആണോ താങ്കള്‍ നാടകങ്ങളിലേക്ക് തിരിയുന്നത്? ഒരിക്കലുമില്ല. വിരക്തി ഒട്ടുമില്ല. പിന്നെ, കൂടുതല്‍ ആഴത്തിലുള്ളതും വ്യത്യസ്‌തമായതും വെല്ലുവിളികളുള്ളതുമായ അഭിനയമേഖലയ്‌ക്കുവേണ്ടിയുള്ള ദാഹം അരങ്ങിലേക്കുള്ള എന്റെ യാത്രകളിലുണ്ട്. അത് എന്നിലെ കലാകാരന്റെ ആത്മാവിന്റെ ദാഹമാണ്. ഒരു മുഴുനീള കഥാപാത്രമായി ഇടവേളകളില്ലാതെ അരങ്ങില്‍ പ്രേക്ഷകര്‍ക്ക് മുന്നില്‍ നിന്ന് സ്വയം കത്തിയെരിയുക എന്ന അനുഭവം തീര്‍ത്തും വ്യത്യസ്‌തമാണ്. ജീവിതത്തിലേപ്പോലെ തന്നെ റീടേക്കുകളില്ലാത്ത അവസ്ഥ. `കര്‍ണഭാരം' എന്ന സംസ്‌കൃതനാടകം തന്നെ തിരഞ്ഞെടുക്കാനുള്ള കാരണം ? അത് ഞാന്‍ തിരഞ്ഞെടുത്തതല്ല. എന്നെത്തേടി വരികയായിരുന്നു. നാഷണല്‍ സ്‌കൂള്‍ ഓഫ് ഡ്രാമ എന്നോട് ഒരു നാടകം ചെയ്യാമോ എന്ന് ചോദിച്ചു. കാവാലം സാറിന്റെ നേതൃത്വത്തിലായിരുന്നു. ആദ്യം ഒരു ഇംഗ്ലീഷ് നാടകം ചെയ്യാനായിരുന്നു പ്ലാന്‍. പിന്നീടത് മലയാളമായി. ഒടുവില്‍ നടനെന്ന നിലയില്‍ അതിന്റെ അനുഭവം എങ്ങനെയായിരുന്നു? ഒരേസമയം തന്നെ ആനന്ദവും വിഭ്രമവും ഭയവും ഉണ്ടാക്കുന്നതായിരുന്നു അത്. സംസ്‌കൃതത്തിലാണ് നാടകം ചെയ്യേണ്ടതെന്ന് കാവാലം സാര്‍ പറഞ്ഞപ്പോള്‍ ഒറ്റയടിക്ക് ഞാന്‍ പല കഷണങ്ങളായി ചിതറിപ്പോയി. കാരണം എനിക്ക് സംസ്‌കൃതം അറിയില്ല. ഞാന്‍ തരിച്ചിരുന്നപ്പോള്‍ സാര്‍ പറഞ്ഞു : ``തനിക്ക് കഴിയുമെടോ''. അടുത്തദിവസം സ്‌ക്രിപ്‌റ്റ് അയച്ചുതന്നു. ആ സമയത്ത് ഞാന്‍ പ്രിയന്റെ `കാക്കക്കുയില്‍' എന്ന സിനിമയില്‍ അഭിനയിക്കുകയാണ്. തീര്‍ത്തും വ്യത്യസ്‌തമായ അന്തരീക്ഷം.കോമഡി ക്യാരക്ടര്‍. അതിനിടയില്‍ ഇരുന്ന് ഞാന്‍ ഭാസന്റെ `കര്‍ണഭാരം' പഠിക്കാന്‍ തുടങ്ങി. പിന്നീട് ഷൂട്ടിങ്ങ് കഴിഞ്ഞുള്ള പാതിരാത്രികളില്‍,കര്‍ണഭാരം വിമാനയാത്രകളില്‍, വീണുകിട്ടുന്ന ഇടവേളകളിലെല്ലാം ഇരുന്ന് ഞാന്‍ നാടകം മനഃപാഠമാക്കി.ഡല്‍ഹിയിലായിരുന്നു അരങ്ങ്. നാടകം തുടങ്ങുന്നതിനുമുന്‍പ് ഞാന്‍ സദസ്സിനെയൊന്ന് നോക്കി. വലിയ പണ്ഡിതന്മാരും നാടക മര്‍മജ്ഞരുമാണ് നിറയെ. ഞാനാകെ വിയര്‍ത്തുപോയി. ഓരോ സംഭാഷണം കഴിയുമ്പോഴും എന്റെ മനസ്സാകെ ശൂന്യമായിരുന്നു. അടുത്ത ഡയലോഗ് പോലും ഓര്‍മ്മയില്ല. ഒടുവില്‍ ഞാന്‍ എങ്ങനെയോ ആ കടല്‍ നീന്തിക്കടന്നു. ഗുരുനാഥന്മാരുടെ അനുഗ്രഹം ശരിക്കും ഞാന്‍ അപ്പോഴാണറിഞ്ഞത്. `കര്‍ണഭാര'ത്തിന്റെ അടിസ്ഥാനത്തില്‍ താങ്കള്‍ക്ക് കാലടി ശ്രീശങ്കരാചാര്യ സംസ്‌കൃത സര്‍വ്വകലാശാല നല്‍കിയ ഡി ലിറ്റ് തിരിച്ചെടുക്കണം എന്ന് സുകുമാര്‍ അഴീക്കോട് ആവശ്യപ്പെടുകയുണ്ടായല്ലോ സുഹൃത്തേ, സുകുമാര്‍ അഴീക്കോട് എന്ന പേര് എന്റെ സിസ്റ്റത്തില്‍ നിന്ന് ഡിലീറ്റ് ചെയ്‌തതാണ് എന്ന് ഞാന്‍ പറഞ്ഞിട്ടുണ്ടല്ലോ. പക്ഷേ, ആ ആശയം നിലനില്‍ക്കുന്നുണ്ട്, അതിനോട് യോജിക്കുന്നുണ്ടോ? ചോദിച്ചതുകൊണ്ട് പറയാം. ഇന്ത്യയില്‍ ഒരു സിനിമാനടന്‍ ആദ്യമായിട്ടായിരിക്കാം സംസ്‌കൃത നാടകം ചെയ്യുന്നത്. നാഷണല്‍ സ്‌കൂള്‍ ഓഫ് ഡ്രാമ എന്നോടിങ്ങോട്ടാവശ്യപ്പെട്ടതാണ്. എണ്‍പത് നാടകങ്ങള്‍ ആകെയുണ്ടായിരുന്നതില്‍ ഇതുമാത്രമേ സംസ്‌കൃതം ഉണ്ടായിരുന്നുള്ളൂ. ആദ്യ അരങ്ങുകഴിഞ്ഞപ്പോള്‍ അന്നു വൈകുന്നേരം വീണ്ടുമഭിനയിക്കാന്‍ സദസ്സ് എന്നോടാവശ്യപ്പെട്ടു; അഭിനയിച്ചു. പിന്നീട് മുംബൈ ഷണ്‍മുഖാനന്ദ ഹാളില്‍ രണ്ടുതവണ ചെയ്‌തു. നന്നായി ക്ലേശിച്ചാണ് അതഭിനയിച്ചത്. എന്റെ അര്‍പ്പണത്തിനും പ്രയത്‌നത്തിനും ലഭിക്കുന്ന അംഗീകാരമാണ് ആദിശങ്കരന്റെ പേരിലുള്ള സര്‍വ്വകലാശാല നല്‍കിയ ഡി.ലിറ്റ്. അതെങ്ങനെയാണ് ഒരു തെറ്റോ കുറ്റമോ ആകുന്നത്? ഞാനെന്തിനാണ് അത് നിരസിക്കുന്നത്? പിന്നെ ഞാനതിന് യോഗ്യനാണോ അല്ലയോ എന്ന് തീരുമാനിക്കേണ്ടത് ഒരു വ്യക്തിയല്ലല്ലോ. ഇതുമായി ബന്ധപ്പെട്ടവരുണ്ട്. പണ്ഡിതരുണ്ട്, മലയാളികള്‍ മുഴുവനുമുണ്ട്. അവരെല്ലാം എന്നെ അനുഗ്രഹിച്ചിട്ടേയുള്ളൂ. പിന്നെ ഞാനെന്തിന് സന്ദേഹിയാകണം? ഗുരുത്വത്തെപ്പറ്റി മോഹന്‍ലാല്‍ പലപ്പോഴും പറയാറുണ്ട്. അത്രയ്‌ക്ക് വിശ്വാസമുണ്ടോ അതില്‍? ഉണ്ട്. അതുകൊണ്ടു മാത്രമാണ് ഞാന്‍ ഇപ്പോഴും നിലനില്‍ക്കുന്നതെന്നാണ് എന്റെ വിശ്വാസം. മഹാപ്രതിഭകളായ എത്രയോ ആചാര്യന്മാരുടെ ഇടയില്‍ പ്രവര്‍ത്തിക്കാനും അവരോട് ചേര്‍ന്നുനില്‍ക്കാനും സാധിച്ചുവെന്നത് എന്റെ ഭാഗ്യമാണ്. എഴുത്തില്‍ എം.ടി., പത്മരാജന്‍, ലോഹിതദാസ്, അഭിനയത്തില്‍ പ്രേംനസീര്‍, മധു, തിലകന്‍, എന്‍.എന്‍.പിള്ള, നെടുമുടിവേണു, ശിവാജി ഗണേശന്‍, നാഗേശ്വര്‍ റാവു, രാജ്‌കുമാര്‍, അമിതാഭ് ബച്ചന്‍ പിന്നെ ഭരതന്‍, കലാമണ്ഡലം ഗോപി, അമ്മന്നൂര്‍ മാധവചാക്യാര്‍, കുടമാളൂര്‍, കീഴ്‌പ്പടം, എല്‍.സുബ്രഹ്മണ്യം, മട്ടന്നൂര്‍ ശങ്കരന്‍കുട്ടി, സക്കീര്‍ ഹുസൈന്‍... അങ്ങനെ എത്രയോ പേര്‍. ഇവരെല്ലാവരും എന്റെ ശിരസ്സില്‍ കൈവെച്ചനുഗ്രഹിച്ചിട്ടുണ്ട്. ഇവരുടെയൊക്കെ അനുഗ്രഹത്തിന്റെയും സ്‌നേഹത്തിന്റെയും വലയത്തിലാണ് ഞാനിപ്പോഴും ജീവിക്കുന്നത്. അതാണെന്റെ ബലവും കവചവും. പിന്നെ ഞാന്‍ ആരെ പേടിക്കാന്‍? എന്തിനെ പേടിക്കാന്‍? മമ്മൂട്ടിയും മോഹന്‍ലാലും തമ്മില്‍ ഒരു താരയുദ്ധം നിലനില്‍ക്കുന്നുണ്ട് എന്ന് മലയാളി വിശ്വസിക്കുന്നുണ്ട്. ഇത് ശരിയാണോ? യുദ്ധമൊന്നുമില്ല. ആരോഗ്യകരമായ മത്സരമുണ്ടാവാം. മമ്മൂട്ടി ചെയ്‌ത മഹത്തായ റോളുകളൊന്നും എനിക്ക് ചെയ്യാന്‍ സാധിക്കില്ലായെന്ന് ബോദ്ധ്യമുള്ളയാളാണ് ഞാന്‍. പിന്നെ ഞാന്‍ എന്തിനാണ് അദ്ദേഹത്തിനോട് യുദ്ധത്തിന് പോകുന്നത്? അദ്ദേഹത്തിന് നല്ല റോളുകള്‍ കിട്ടുമ്പോള്‍ എനിക്കും നല്ല റോളുകള്‍ കിട്ടണമെന്ന് കൊതിക്കാറുണ്ട്. അതില്‍ എന്താണ് തെറ്റ്? ഒരാളെ ഇല്ലാതാക്കാന്‍ മത്സരിക്കുമ്പോഴല്ലേ പ്രശ്‌നമുള്ളൂ. തിലകന്‍ പ്രശ്‌നത്തില്‍ താങ്കള്‍ മമ്മൂട്ടിക്കുവേണ്ടി നടത്തിയ പ്രതികരണവും അഴീക്കോട് പ്രശ്‌നത്തില്‍ മമ്മൂട്ടി നടത്തിയ പ്രതികരണവും ചേര്‍ത്തുവായിക്കുമ്പോള്‍ മമ്മൂട്ടി കുറച്ച് മൃദുവായിട്ടാണ് പ്രതികരിച്ചത് എന്നു തോന്നിയിട്ടുണ്ട്. ഇത് താങ്കളെ വേദനിപ്പിച്ചിട്ടുണ്ടോ? മറ്റൊരാള്‍ എങ്ങനെ പ്രതികരിക്കണം എന്ന് നമുക്കെങ്ങനെയാണ് തീരുമാനിക്കാന്‍ സാധിക്കുക? ആര്‍ക്കുവേണമെങ്കിലും പ്രതികരിക്കാമായിരുന്നുവല്ലോ. അങ്ങനെയുള്ള ഒരവസ്ഥയില്‍ മൃദുവായിട്ടെങ്കിലും പ്രതികരിച്ചയാളെ എന്തിന് പഴിചാരണം? പിന്നെ എന്റെ വേദനയുടെ കാര്യം. എന്റെ വ്യക്തിപരമായ വേദന എന്തിനാണ് ഞാന്‍ മറ്റൊരാളോട് പങ്കുവയ്‌ക്കുന്നത്? അത് ഞാന്‍മാത്രം അറിഞ്ഞാല്‍ പോരേ? മലയാള ചലച്ചിത്രലോകം ഈ പ്രശ്‌നത്തില്‍ താങ്കളെ ഒറ്റപ്പെടുത്തി എന്ന് തോന്നിയിട്ടുണ്ടോ? ഈ മൗനം എന്നത് ഏറ്റവും സമര്‍ത്ഥമായും സന്ദര്‍ഭത്തിനനുസരിച്ചും ബ്രേക്ക് ചെയ്യേണ്ട ഒന്നാണ്. മറ്റുള്ളവര്‍ക്കുവേണ്ടി പ്രതികരിച്ചിട്ട് സ്വയം കുഴിയില്‍ ചെന്ന് വീഴേണ്ടിവരുന്നത് കഷ്ടമാണ്. പിന്നെ എല്ലാവരും നമുക്കുവേണ്ടി പ്രതികരിക്കണമെന്ന് ഓര്‍ഡറിടാന്‍ പറ്റുമോ. മറ്റൊരു കാര്യം മലയാളി പ്രതികരണശേഷി തീരെ കുറഞ്ഞ സമൂഹമാണ് എന്നാണ് നിരീക്ഷകന്മാര്‍ പറയുന്നത്. സിനിമാ കലാകാരന്മാര്‍ മറ്റുള്ളവര്‍ എഴുതിയത് മനഃപാഠം പഠിച്ച് പറയുന്നവരാണ് എന്നൊരു അഭിപ്രായവും കേട്ടു. ഒരു നടനെന്ന നിലയില്‍ ഇതിനെ എങ്ങനെയാണ് നോക്കിക്കാണുന്നത് ? ലോകത്തെ എല്ലാ നടന്മാരും അങ്ങനെത്തന്നെയല്ലേ? അഭിനയത്തില്‍ അങ്ങനെയല്ലേ സാധിക്കൂ. കുതിരവട്ടം പപ്പുവൊക്കെ കോഴിക്കോട് ഇന്‍സ്റ്റന്റ് നാടകം ചെയ്‌തതായി കേട്ടിട്ടുണ്ട്. പിന്നെ എന്‍.എന്‍.പിള്ളയും ശ്രീനിവാസനുമൊക്കെയുണ്ട്. അവര്‍ സ്വയമെഴുതി അഭിനയിക്കുന്നു. അത് അപൂര്‍വ്വ പ്രതിഭാസങ്ങളാണ്. മറ്റുള്ള എല്ലാ നടന്മാരും എഴുത്തുകാരന്‍ എഴുതിയ തിരക്കഥയനുസരിച്ചാണ് അഭിനയിക്കുന്നത്. എഴുതപ്പെടുന്ന കാര്യത്തില്‍ ഭാവം നല്‍കി അവതരിപ്പിക്കുന്നു. ഒരു ഗായകന്‍ അതല്ലേ ചെയ്യുന്നത്. സ്വയം എഴുതി പാടുന്നവരാണോ എല്ലാവരും? നൃത്തം അങ്ങനെയല്ലേ? അഭിനയത്തെപ്പറ്റിയുള്ള ബാലപാഠം അറിയുന്നവര്‍ക്കുപോലും ബോധ്യമുള്ള കാര്യമാണിത്. മോഹന്‍ലാല്‍ സ്വര്‍ണ്ണക്കടയുടെ പരസ്യത്തില്‍ അഭിനയിക്കുന്നു എന്നതായിരുന്നു ഈ വിമര്‍ശന കോലാഹലത്തിന്റെ ആദ്യവെടി. എപ്പോഴെങ്കിലും അതില്‍ കുറ്റബോധം തോന്നിയിട്ടുണ്ടോ? ഈ നിമിഷം വരെ തോന്നിയിട്ടില്ല. പിന്നെ ഒരാള്‍ മാത്രം സംസാരിക്കുകയും മറ്റാരും കൂടെ പറയാതിരിക്കുകയും ചെയ്യുന്നതിനെയാണോ താങ്കള്‍ കോലാഹലമെന്നു പറയുന്നത്? പരസ്യമെന്നത് ഏറ്റവും വലിയ ഒരു കലയാണ്. രണ്ടോ മൂന്നോ മണിക്കൂര്‍ കൊണ്ട് പറയുന്ന കാര്യം രണ്ട് മിനുട്ടില്‍ സംക്ഷിപ്‌തമായും ആകര്‍ഷകമായും പറയുക എന്ന വെല്ലുവിളിയുള്ള കലയാണ് പരസ്യം. ഇന്ത്യയില്‍ സിനിമാ വ്യവസായത്തിന് സമാന്തരമായ ഒരു ലോകമാണ് പരസ്യകലയുടേത്. ലോകത്തിലെ ഏറ്റവും നല്ല പരസ്യങ്ങള്‍ ഉണ്ടാക്കുന്നവര്‍ ഇന്ത്യാക്കാരാണ്. പിന്നെ, സര്‍, I am a performer. ഞാന്‍ അഭിനയിക്കുകയാണ്. സിനിമയിലേതുമാത്രം അഭിനയവും പരസ്യത്തിലേത് അഭിനയമല്ലാതാവുന്നതും എങ്ങനെയാണ്? ലോകത്തിലെ വലിയ കായികതാരങ്ങളും സിനിമാതാരങ്ങളുമെല്ലാം പരസ്യങ്ങളില്‍ അഭിനയിക്കാറുണ്ട്. പിന്നെ എനിക്കുമാത്രം എന്താണൊരു പ്രത്യേകത? ഇനി സ്വര്‍ണക്കടയുടെ പരസ്യത്തിന്റെ കാര്യമാണെങ്കില്‍, സ്വര്‍ണം അത്ര മോശം കാര്യമല്ല. നമ്മളെല്ലാം കുടുംബത്തില്‍ ഒരു നിക്ഷേപമായി കാത്തുവയ്‌ക്കുന്നതാണത്. അലങ്കാരമാണ്. അമിതമായി ഭ്രാന്തായാല്‍ മാത്രമേ അതൊരു പ്രശ്‌നമാവുന്നുള്ളൂ. അത് എല്ലാ കാര്യവും അങ്ങനെയല്ലേ? ഞാന്‍ എയ്‌ഡ്‌സ്, ഇലക്ട്രിസിറ്റി, പോളിയോ, റെയില്‍വെ, സ്‌പോര്‍ട്‌സ് എന്നിവയുടേതടക്കം നിരവധി പരസ്യങ്ങള്‍ സൗജന്യമായി ചെയ്‌തുകൊടുത്തിട്ടുണ്ട്. തുടര്‍ന്നും പരസ്യങ്ങളില്‍ അഭിനയിക്കുമോ? എന്താ സംശയം? ഞാന്‍ പറഞ്ഞില്ലേ. I am a performer. ഖാദിയുടെ ഗുഡ്‌വില്‍ അംബാസിഡറായി ഗവണ്‍മെന്റ് എന്നെയാണ് നിശ്ചയിച്ചിരിക്കുന്നത്. മണപ്പുറം ഗോള്‍ഡ് ലോണിന്റെ പരസ്യത്തിലും ഞാനാണ്. ചെയ്യുന്ന കാര്യങ്ങളെക്കുറിച്ച് വ്യക്തമായ ബോദ്ധ്യമുള്ളയാളാണ് ഞാന്‍. പരസ്യത്തില്‍ അഭിനയിക്കാന്‍ പാടില്ലെന്ന് ആരെങ്കിലും പറഞ്ഞാല്‍ നിര്‍ത്തുക. പിന്നെ ചെയ്‌തോളൂ എന്ന് പറഞ്ഞാല്‍ ചെയ്യുക. അതിനൊന്നും എന്നെ കിട്ടില്ല. എന്നെക്കൊണ്ട് മൂല്യം വര്‍ദ്ധിപ്പിക്കാന്‍ സാധിക്കുമെങ്കില്‍, തിരഞ്ഞെടുത്തതും എനിക്ക് ബോധ്യമുള്ളതുമായ പരസ്യങ്ങളില്‍ ഇനിയും അഭിനയിക്കും. ഹേമമാലിനിയോടൊപ്പമുള്ള പരസ്യത്തില്‍ അല്‌പം അശ്ലീലമുണ്ട് എന്ന് പറഞ്ഞാല്‍...? പ്രിയദര്‍ശന്‍ ചെയ്‌ത പരസ്യമാണത്. അത് ഷൂട്ട് ചെയ്യുമ്പോഴോ ഡബ്ബ് ചെയ്യുമ്പോഴോ ഞങ്ങള്‍ക്കാര്‍ക്കും അങ്ങനെയൊരു കാര്യം തോന്നിയിട്ടില്ല. ഹേമമാലിനി കുലീനയായ സ്‌ത്രീയാണ്. അവര്‍ക്കും ഒന്നും തോന്നിയിട്ടില്ല. അവരണിഞ്ഞ ആഭരണത്തെ നോക്കിയാണ് `കലക്കീട്ടുണ്ട് കേട്ടോ' എന്ന് പറയുന്നത്. അല്ലാതെ മാറിടത്തെ നോക്കിയിട്ടല്ല. നല്ല വസ്‌ത്രം ധരിച്ച് അണിഞ്ഞൊരുങ്ങിയവരെ കണ്ടാല്‍ നാം പറയാറില്ലേ കലക്കീട്ടുണ്ടെന്ന്! `എന്നെയാണോ ഞാനണിഞ്ഞ ആഭരണത്തെയാണോ ഉദ്ദേശിച്ചത്' എന്നാണ് അവര്‍ ചോദിക്കുന്നത്. അല്ലാതെ മാറിടത്തെയാണോ എന്നല്ല. ടെറിട്ടോറിയല്‍ ആര്‍മിയില്‍ ചേര്‍ന്നതിനു പിന്നിലെ പ്രചോദനമെന്താണ്? എന്റെ വീടിനടുത്ത് ഒരു ചിത്രകാരനുണ്ടായിരുന്നു. കുട്ടിക്കാലത്ത് ഞാന്‍ അദ്ദേഹം വരയ്‌ക്കുന്നിടത്ത് പോയി നില്‍ക്കും. ആ ചിത്രങ്ങളില്‍ മിക്കവയും എന്തുകൊണ്ടോ പട്ടാളവുമായി ബന്ധപ്പെട്ടവയായിരുന്നു. അന്നുമുതലേ പട്ടാളക്കാരുടെ ലോകം എന്റെയുള്ളില്‍ കടന്നുകൂടി. വളരെ വളരെ വര്‍ഷങ്ങള്‍ക്കുഷേശം `കീര്‍ത്തിച്രക്ര, `കുരുക്ഷേത്ര' എന്നീ സിനിമകളില്‍ പട്ടാളക്കാരനായി എനിക്ക് അഭിനയിക്കേണ്ടിവന്നു. ശ്രീനഗര്‍, കാര്‍ഗില്‍ എന്നിവടങ്ങളിലായിരുന്നു ചിത്രീകരണം. സംഘര്‍ഷഭരിതമായ അതിര്‍ത്തികളില്‍ അടുത്തനിമിഷം എന്താവുമെന്നറിയാതെ കാവല്‍ നില്‍ക്കുന്ന പട്ടാളക്കാരന്റെ ജീവിതം അപ്പോഴാണ് ഞാന്‍ നേരിട്ടു കണ്ടത്. ബങ്കറുകളിലും അതിര്‍ത്തിയിലെ ഏറ്റവും സെന്‍സിറ്റീവായ സ്ഥലങ്ങളിലും ജീവിച്ചു. വല്ലാത്തൊരു അനുഭവകാലമായിരുന്നു അത്. പട്ടാളക്കാരോട് എനിക്കുള്ള ബഹുമാനം പതിന്മടങ്ങ് വര്‍ദ്ധിച്ചു. ടെറിട്ടോറിയല്‍ ആര്‍മിയുടെ ബ്രാന്‍ഡ് അംബാസഡറാകാനുള്ള ക്ഷണം ലഭിച്ചപ്പോള്‍ എനിക്ക് ആഹ്ലാദത്തേക്കാള്‍ അധികം അഭിമാനമാണ് തോന്നിയത്. ടെറിട്ടോറിയല്‍ ആര്‍മി എന്നാല്‍ സാധാരണക്കാരെയും പട്ടാളക്കാരെയും തമ്മില്‍ അടുപ്പിക്കുന്നതാണ്. അതിനെ പ്രൊമോട്ട് ചെയ്യുകയും കൂടുതല്‍ കൂടുതല്‍ യുവത്വങ്ങളെ പട്ടാളത്തിലേക്ക് ആകര്‍ഷിക്കുകയാണ് എന്റെ ദൗത്യം. ഇതൊന്നും ചുമ്മാ എടുത്തു തരുന്നതല്ല. നമ്മുടെ ജീവിതത്തെയും നമ്മളെയും നിരീക്ഷിച്ച ശേഷം രാജ്യം നല്‍കുന്നതാണ്. ഇന്ത്യക്കാരനെന്ന നിലയില്‍ ഞാനതില്‍ അഭിമാനിക്കുന്നു. ടെറിട്ടോറിയല്‍ ആര്‍മി യൂണീഫോം അണിഞ്ഞ് താങ്കള്‍ ജ്വല്ലറിയുടെ പരസ്യത്തില്‍ പ്രത്യക്ഷപ്പെട്ടതായും വിമര്‍ശനമുയര്‍ന്നിരുന്നു. അത്രയ്‌ക്ക് കോമണ്‍സെന്‍സ് ഇല്ലാത്ത ആളല്ല ഞാന്‍. സ്വാതന്ത്ര്യദിനത്തില്‍ വന്ന ആ പരസ്യത്തില്‍ മാലിന്യമുക്ത കേരളത്തിനായി പ്രവര്‍ത്തിക്കാനാണ് ഞാന്‍ പറഞ്ഞത്. മാലിന്യം എന്നത് കേരളത്തിന്റെ ഏറ്റവും വലിയ പ്രശ്‌നമാണ്. അതില്‍ തെറ്റുണ്ടോ എന്ന് ജനങ്ങള്‍ തീരുമാനിക്കട്ടെ. വൃദ്ധനായി പലപ്പോഴും അഭിനയിച്ചിട്ടുണ്ട്. മോഹന്‍ലാല്‍ വാര്‍ദ്ധക്യത്തിലേക്ക് കടക്കുകയാണോ? എല്ലാ മനുഷ്യരെയും പോലെ എനിക്കും വാര്‍ദ്ധക്യവും ജരാനരകളും ഒരുനാള്‍ മരണവും സംഭവിക്കും. അതിനെക്കുറിച്ച് ഞാന്‍ ബോധവാനാണ്. ഒരിക്കലും ഞാനതില്‍നിന്ന് ഒളിച്ചോടില്ല. ഒളിച്ചോടാന്‍ സാധിക്കുകയുമില്ല. പിന്നെ ആറാം ക്ലാസ്സില്‍ പഠിക്കുമ്പോള്‍ തൊണ്ണൂറുവയസ്സുകാരനായിട്ടാണ് ഞാനഭിനയിച്ചത്. വേളൂര്‍ കൃഷ്‌ണന്‍കുട്ടിയുടെ നാടകം. അങ്ങനെ നോക്കുമ്പോള്‍ ഞാന്‍ തിരിച്ചാണ് വളരുന്നത് എന്നു പറയാം. വാര്‍ദ്ധക്യം വരുമ്പോള്‍ മോഹന്‍ലാലിലെ നടന് എന്തു സംഭവിക്കും? നടന് എന്തു സംഭവിക്കുമെന്നതിനേക്കാള്‍ ഞാന്‍ എന്ന മനുഷ്യന് എന്തുസംഭവിക്കുമെന്നല്ലേ ആലോചിക്കേണ്ടത്. നമ്മള്‍ ആരോഗ്യത്തോടെയിരുന്നാല്‍ അല്ലേ മറ്റെല്ലാമുള്ളൂ. ജീവിതത്തിലെ ഏറ്റവും മനോഹരമായ ഘട്ടമാണ് വാര്‍ദ്ധക്യം എന്ന് വിശ്വസിക്കുന്ന ആളാണ് ഞാന്‍. ആ സമയത്ത് ആരോടും ക്ഷോഭിക്കാതെ, ആരെയും വെറുപ്പിക്കാതെ, കുറ്റം പറയാതെ, വിമര്‍ശിക്കുകയോ, ചീത്ത പറയുകയോ ചെയ്യാതെ ജീവിക്കാന്‍ സാധിച്ചാല്‍ തന്നെ വലിയ കാര്യമാണ്. ഇങ്ങനെയൊക്കെ വാര്‍ദ്ധക്യത്തെ കാണുന്ന മോഹന്‍ലാലിന് എന്തിനാണ് മേക്കപ്പ്? സര്‍, ഇത് സിനിമയാണ്. സിനിമയില്‍ മേക്കപ്പ് എന്നത് ഒരു ആര്‍ട്ടാണ്. നമ്മളൊക്കെ വളരെക്കുറച്ച് മേക്കപ്പ് മാത്രമേ ഉപയോഗിക്കുന്നുള്ളൂ. കഥാപാത്രത്തിനനുസരിച്ചുള്ള മേക്കപ്പ് ആവശ്യമായി വരും. ലാലിന് രജനീകാന്തിനെപ്പോലെ നടന്നൂടെ എന്നാണ് ചോദ്യം? അതെന്തൊരു ചോദ്യമാണ് സാര്‍? ഞാന്‍ എന്തിനാണ് മറ്റൊരാളെപ്പോലെ നടക്കുന്നത്? ഞാന്‍ എന്റെ സൗകര്യത്തിനല്ലേ നടക്കുക. മറ്റൊരാള്‍ക്ക് ഒരു ഉപദ്രവമാകാത്തിടത്തോളം കാലം അതൊരു തെറ്റല്ല. ഞാനൊരു ജനാധിപത്യരാജ്യത്തിലെ പൗരനാണ്. മമ്മൂട്ടിയും ലാലും സിനിമയിലെ വന്‍ വൃക്ഷങ്ങളാണ്. നിങ്ങളാണ് കേന്ദ്രസ്ഥാനത്ത്. മലയാളസിനിമയില്‍ ഏതെങ്കിലും തരത്തിലുള്ള ഒതുക്കലുകള്‍ നടക്കുന്നുണ്ടോ? വളരെക്കുറച്ച് ആളുകള്‍ മാത്രമുള്ള മേഖലയാണ് മലയാളസിനിമ. അതില്‍ത്തന്നെ ഉന്നതശീര്‍ഷരായ ഒരുപാട് പേര്‍ മരിച്ചുപോയി. പിന്നെ ആര് ആരെ ഒതുക്കാനാണ്. താരതമ്യം എന്നൊന്ന് ഇല്ലല്ലോ. നമുക്കങ്ങനെ കൃത്യമായ കാസ്റ്റിങ് ഒന്നുമില്ല. ഒരാളെ മനസ്സില്‍ ധ്യാനിച്ച് എഴുതിയുണ്ടാക്കുന്ന ഉദാത്ത തിരക്കഥയൊന്നുമില്ല. ഒരാള്‍ ഇല്ലെങ്കില്‍ മറ്റൊരാളെ നോക്കും, അത്രതന്നെ. അവസരങ്ങള്‍ കുറയുമ്പോള്‍ പലരും പറയാറുള്ളതാണ് `എന്നെ അവര്‍ ഒതുക്കി' എന്നത് എന്ന് എനിക്ക് പലപ്പോഴും തോന്നിയിട്ടുണ്ട്. ഞങ്ങളെയൊന്നും ആരും ഒതുക്കിയിട്ടില്ല. ആരോടും ഞങ്ങള്‍ മാറിനില്‍ക്കാനും പറഞ്ഞിട്ടില്ല. സ്വയം അദ്ധ്വാനിച്ച് തെളിഞ്ഞുവരികയായിരുന്നു. `നിങ്ങള്‍ ശര്‍ക്കരയാവുക, ഉറുമ്പുകള്‍ തേടിയെത്തത്തും' എന്ന് പറയാറില്ലേ. അത് വളരെ ശരിയാണ്. മറ്റൊന്നും നിങ്ങള്‍ ചെയ്യേണ്ട. നിങ്ങളെ ആരും വിളിച്ചില്ലെങ്കില്‍ ആര്‍ക്കും നിങ്ങളെ വേണ്ട എന്നാണര്‍ത്ഥം. ഇന്നസെന്റിന്റെ വീട്ടിലെ ഫോണ്‍ ഒരിക്കല്‍ ദിവസങ്ങളോളം ശബ്‌ദിക്കാതായി. എക്‌സ്‌ചേഞ്ചില്‍ പരാതി പറഞ്ഞപ്പോള്‍ അവര്‍ വന്നു നോക്കിയിട്ടു പറഞ്ഞു : ഫോണ്‍ കേടായതുകൊണ്ടല്ല, നിങ്ങളെ ആരം വിളിക്കാത്തതുകൊണ്ടാണ് എന്ന്. ഇത്രയേ ഉള്ളൂ ഇക്കാര്യവും. യഥാര്‍ത്ഥ പ്രതിഭയെ ഒരാള്‍ക്കും ഒരിക്കലും ഒതുക്കാന്‍ സാധിക്കുകയില്ല. ഞാന്‍ നല്ല ഭ്രാന്തുള്ളയാളാണ് എന്ന് ഈയിടെ താങ്കള്‍ പറഞ്ഞു. എന്താണ് ഉദ്ദേശിച്ചത്? ഭ്രാന്ത് എന്നതുകൊണ്ട് ഞാന്‍ ഉദ്ദേശിച്ചത് ചെവിയില്‍ ചെമ്പരത്തിപ്പൂവ് നടക്കുന്ന അവസ്ഥയല്ല. ഭ്രാന്തമായ അഭിനിവേശം എന്ന് നമ്മള്‍ പറയാറില്ലേ. അതില്ലാതെ കലാകാരന് നില്‍ക്കാന്‍ സാധിക്കില്ല. അഭിനയം എനിക്കൊരു ഭ്രാന്ത് തന്നെയാണ്. ജീവിതത്തിലും അല്‍പം ഭ്രാന്തൊക്കെ വേണം. പുസ്‌തകങ്ങള്‍ വായിക്കാറുണ്ടോ? പുസ്‌തകം വായിക്കാന്‍ വേണ്ടിയും ഞാനിത്ര പുസ്‌തകം വായിച്ചു എന്ന് വീമ്പുപറയാന്‍ വേണ്ടിയും പുസ്‌തകം വായിക്കാറില്ല. നല്ല സൗഹൃദങ്ങളിലൂടെയാണ് നല്ല പുസ്‌തകങ്ങളും എന്റെ കൈയ്യിലെത്തുന്നത്. പിന്നെ എല്ലാ പുസ്‌തകങ്ങളും വായിക്കണമെന്നില്ല, സാധ്യവുമല്ല. വായിച്ചതില്‍ നിന്നും നന്മ ഉള്‍ക്കൊണ്ടാല്‍ മതി. വിവാദങ്ങള്‍ താങ്കളെ വേദനിപ്പിക്കാറുണ്ടോ? പൊതുവായ അര്‍ത്ഥത്തില്‍ ഇല്ല. പക്ഷേ, വ്യക്തിപരമായ അധിക്ഷേപങ്ങളും ആക്രമണങ്ങളും അല്‌പനേരത്തേക്കെങ്കിലും അസ്വസ്ഥനാക്കാറുണ്ട്. ഞാന്‍ മരിച്ചുവെന്ന് പലതവണ പ്രചരിപ്പിക്കപ്പെട്ടിട്ടുണ്ട്. അവ എന്നെ ചിരിപ്പിക്കുകയാണ് ചെയ്‌തത്. എല്ലാ കൊടുങ്കാറ്റുകളും കടന്നുപോകും എന്ന് വിശ്വസിക്കുന്നയാളാണ് ഞാന്‍. ശരി നമ്മുടെ ഭാഗത്താണെങ്കില്‍ നാം നിലനില്‍ക്കുക തന്നെ ചെയ്യും. അങ്ങനെയിരിക്കുമ്പോള്‍ ഒരു കുഞ്ഞുകാറ്റുവന്ന് കെടുത്തിക്കളയുകയും ചെയ്യും. മരണത്തെക്കുറിച്ച് സങ്കല്‍പിച്ചിട്ടുണ്ടോ? ഉണ്ടെങ്കില്‍ എങ്ങനെയാവണമെന്നാണ്? സങ്കല്‍പിക്കുന്നതുപോലെ ഒരിക്കലും നടക്കാത്ത ജീവിതത്തിലെ ഏകകാര്യം മരണമായിരിക്കാം. പിന്നെ എന്തിനാണ് വെറുതെ സങ്കല്‍പിച്ച് സമയം കളയുന്നത്? മരണത്തെക്കുറിച്ചുള്ള പ്രാര്‍ത്ഥന വേണമെങ്കില്‍ പറയാം : അനായാസേന മരണം ജീവിതത്തിലെ ഏറ്റവും വലിയ പ്രാര്‍ത്ഥന എന്താണ്? ഞാനെന്ന ഭാവമതു തോന്നായ്‌ക വേണം... അത്രമാത്രം. 2010 മാര്‍ച്ചില്‍ മാതൃഭൂമി ആഴ്‌ചപ്പതിപ്പില്‍ പ്രസിദ്ധീകരിച്ച നടന്‍ മോഹന്‍ലാലുമായി ശ്രീകാന്ത് കോട്ടക്കല്‍ നടത്തിയ അഭിമുഖത്തിന്റെ പ്രസക്തഭാഗങ്ങള്‍. |
" .....വൈകിട്ടെന്താ പരിപാടി ....." ....ഇത് തന്നെ .....ലാലേട്ടന്റെ ഒരു കാര്യം ... |
|